പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാല വരും വര്‍ഷങ്ങളില്‍ സ്ത്രീ സൗഹൃദ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു. വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വനിതാ അധ്യാപകരുടെയും ജീവനക്കാരുടെയും സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വ്വകലാശാലയിലെ അറുപത് ശതമാനത്തിലേറെ വിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടികളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സര്‍വ്വകലാശാല സാധ്യമായതെല്ലാം ചെയ്യും. ക്യാംപസ്സിനുള്ളില്‍ യാത്ര ചെയ്യുന്നതിന് ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സൈക്കിളുകള്‍ ഏര്‍പ്പെടുത്തും. ഇതില്‍ വനിതകള്‍ക്ക് മുന്‍ഗണന നല്‍കും. ഓരോ വകുപ്പിലും പ്രത്യേക സ്ത്രീ സൗഹൃദ റൂമുകള്‍ ഒരുക്കുന്നതും നടന്നുവരികയാണ്. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കും. ജില്ലയുടെ പിന്നോക്ക മേഖലകളില്‍ ഇത്തരം വിഷയങ്ങളില്‍ ബോധവത്കരണം നടത്തും. അദ്ദേഹം വ്യക്തമാക്കി.
രജിസ്ട്രാര്‍ ഡോ.എം.മുരളീധരന്‍ നമ്പ്യാര്‍, ഫിനാന്‍സ് ഓഫീസര്‍ ഡോ.ബി.ആര്‍. പ്രസന്ന കുമാര്‍, അക്കാദമിക് ഡീന്‍ പ്രൊഫ.കെ.പി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ വകുപ്പുകളെയും വിഭാഗങ്ങളെയും പ്രതിനിധീകരിച്ച് ഡോ.ജാസ്മിന്‍ ഷാ, ഡോ.ജെ.സംഗീത, ഡോ.ദേവി കെ., ഡോ.ദേവി പാര്‍വ്വതി, ഡോ.ആരതി നായര്‍, ഡോ.ജയലക്ഷ്മി രാജീവ്, ഡോ.സുപ്രിയ പി., അര്‍ച്ചന കെ.പി., ശ്രീജയ എം., കുസുമം, ബിന്ദു പ്രമോദ്, അബീറ സി.എ., ചാരുത കെ. എന്നിവര്‍ സംസാരിച്ചു.