പെരിയ: ലൈഫ് സ്‌കില്‍സ് അടിസ്ഥാനമാക്കി കേരള കേന്ദ്ര സര്‍വ്വകലാശാല ബിരുദാനന്തര കോഴ്‌സുകള്‍ തുടങ്ങുമെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച് വെങ്കടേശ്വരലു. ഇ.ശ്രീധരന്‍ സെന്റര്‍ ഫോര്‍ ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷന്റെ പി.ജി. ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ തൊഴില്‍ സാഹചര്യങ്ങളില്‍ വിജയിക്കണമെങ്കില്‍ ലൈഫ് സ്‌കില്‍സ് ആവശ്യമാണ്. പ്രതിസന്ധി മറികടക്കാനുള്ള നൈപുണ്യമാണ് പ്രധാനം. നൈപുണ്യം ആര്‍ജ്ജിക്കുന്നതിലൂടെ വ്യക്തിപരവും സാമൂഹികവുമായ വികാസവും സാധ്യമാകുന്നു. മാനസികവും സാമൂഹ്യപരവുമായ പ്രശ്‌നങ്ങളെ പ്രതിരോധിക്കാനും കഴിയുന്നു. ലോകാരോഗ്യ സംഘടന വിഭാവനം ചെയ്യുന്ന പത്ത് ജീവിത നൈപുണ്യം ഉള്‍പ്പെടുത്തിയതാണ് ഇ.ശ്രീധരന്‍ സെന്റര്‍ ഫോര്‍ ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷന്റെ കോഴ്സുകളെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.
പുതിയ കാലഘട്ടത്തില്‍ നിപുണതയും വൈദഗ്ദ്ധ്യവും അനിവാര്യമാണെന്ന് മുഖ്യാതിഥിയായി സംസാരിച്ച സബ് കളക്ടര്‍ മേഘശ്രീ പറഞ്ഞു. കോവിഡ് കാലം ജീവിത നൈപുണ്യം ആര്‍ജ്ജിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി. വീട്ടു ജോലി മുതല്‍ ജനങ്ങളുമായി ഇടപെടുന്നതില്‍ വരെ നൈപുണ്യം ആവശ്യമാണ്. സ്ത്രീ ശാക്തീകരണം കാലഘട്ടത്തിന്റെ മുദ്രാവാക്യമാണ്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ സമൂഹത്തില്‍ ആണ്‍-പെണ്‍ വ്യത്യാസം വലുതാണ്. ഈ വിടവ് നികത്താന്‍ നൈപുണ്യം അനിവാര്യമാണ്. അവര്‍ ചൂണ്ടിക്കാട്ടി. രജിസ്ട്രാര്‍ ഡോ.എം.മുരളീധരന്‍ നമ്പ്യാര്‍, അക്കാദമിക് ഡീന്‍ പ്രൊഫ.കെ.പി. സുരേഷ് എന്നിവര്‍ സസാരിച്ചു. സെന്റര്‍ ഡയറക്ടര്‍ പ്രൊഫ.മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ സ്വാഗതവും ജോയിന്റെ ഡയറക്ടര്‍ ഡോ.ലക്ഷ്മി നന്ദിയും പറഞ്ഞു.
ആറു മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സും ഒരു വര്‍ഷത്തെ പി.ജി ഡിപ്ലോമ കോഴ്സുമാണ് സെന്ററിന്റെ നേതൃത്വത്തില്‍ ആരംഭിച്ചത്. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഓണ്‍ലൈനിലാണ് ഇപ്പോള്‍ കോഴ്സ് നടത്തുന്നത്. പ്രായോഗിക പരിശീലനം, സമ്പര്‍ക്ക പഠനം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട് വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും സാമൂഹിക ഇടപെടല്‍ ആവശ്യമുള്ള തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഏതുതരം പ്രതിസന്ധികളും തരണം ചെയ്യുന്നതിനും സഹായകമായ തരത്തിലാണ് കോഴ്സുകള്‍ രൂപകല്പന ചെയ്തിട്ടുള്ളത്. ഇന്ത്യയിലെ സര്‍വകലാശാലകളില്‍ ആദ്യമായാണ് ഇത്തരമൊരു കോഴ്സ് ആരംഭിച്ചത്.